കാണാതായത് മലപ്പുറം സ്വദേശി മൊയ്തീനെ
കരിപ്പൂർ :ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി കേരളത്തില്‍ നിന്നു മക്കയിലെത്തി കാണാതായ മലയാളി ഹജ് തീർത്ഥാടകന് എന്തു സംഭവിച്ചു? ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മക്കയിലെ താമസ സ്ഥലത്ത് നിന്നു കാണാതായ മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീന്‍ (72) എവിടെയാണ്, എന്തു സംഭവിച്ചു എന്ന ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരമുണ്ടായിട്ടില്ല.
ഹാജിമാര്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ, ലോഹ വള എന്നിവയിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഹാജിമാര്‍ കൂട്ടം തെറ്റിയാലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെങ്കിലും ഇതുവരെ ഹാജിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മറവി രോഗം ഉള്‍പ്പടെയുള്ള ശാരീരിക പ്രയാസങ്ങള്‍ അനുവഭിക്കുന്ന ഇവര്‍ പുറത്തിറങ്ങിയ സമയത്ത് തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെച്ചിരുന്നുവോ എന്നും വ്യക്തമല്ല
ഹജ് കമ്മിറ്റി ചെയർമാൻ കത്തയച്ചു
മൊയ്തീനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാനും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ശാഹിദ് ആലമിനും കത്തയച്ചു. സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ ഹാജിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും ഹാജിയുടെ തിരോധാനത്തില്‍ ഭാര്യയും കുടുംബങ്ങളും അങ്ങേയറ്റം പ്രയാസത്തിലാണെന്നും ചെയര്‍മാന്‍ കത്തിലൂടെ അംബാസഡറെ അറിയിച്ചു.
കാണാതായത് ജൂലൈ 8ന്
സ്വകാര്യ ട്രാവല്‍ ഏജന്‍സി മുഖേന കഴിഞ്ഞ ജൂണ്‍ ഇരുപത്തി മൂന്നിന് ഭാര്യയും കുടുംബാംഗങ്ങളും ഉള്‍ക്കൊള്ളുന്ന സംഘത്തോടൊപ്പം കൊച്ചി വിമാനത്താവളം വഴിയാണ് മൊയ്തീന്‍ മക്കയിലെത്തിയത്. ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജൂലൈ എട്ടാം തിയ്യതി മക്കയിലെ താമസ സ്ഥലത്ത് നിന്നും തനിച്ച് പുറത്തേക്കിറങ്ങിയ അദ്ദേഹം പിന്നീട് തിരികെ വന്നിട്ടില്ല. ഉടന്‍ ബന്ധുക്കള്‍ മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസ്, മക്കയിലെ സന്നദ്ധ സംഘടനകള്‍, പ്രവാസി കൂട്ടായ്മകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചുവെങ്കിലും ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.
മകൻ മക്കയിലെത്തി
പിതാവിനെ കണ്ടെത്തുന്നതിനായി മകന്‍ ശബീർ ഇതിനകം നാട്ടില്‍ നിന്നു മക്കയിലെത്തിയിട്ടുണ്ട്. അതേ സമയം സംഘത്തിലുള്ളവരുടെ ഹജ്ജ് വിസ കാലാവധി അവസാനിച്ചതിനാല്‍ ഭാര്യയുള്‍പ്പടെയുള്ളവര്‍ക്ക് ആഗസ്റ്റ് ഒന്നാം തിയ്യതി നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. ഹാജിയെ കണ്ടെത്തുന്നതിന് സഊദിയിലെ മലയാളി കൂട്ടായ്മകള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇനിയും തുടരണമെന്നും സി.മുഹമ്മദ് ഫൈസി അറിയിച്ചു.