തിരൂരങ്ങാടി: തിങ്ങി നിറഞ്ഞ വിശ്വാസികൾ സാക്ഷി, തക്ബീര്‍ ധ്വനികൾ അന്തരീക്ഷത്തിലേക്കുയർന്നു. 185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയേറി. ദക്ഷിണേന്ത്യയിലെ സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയ നായകനുമായി വര്‍ത്തിച്ച മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ഹുസൈനി തങ്ങളുടെ ആത്മസന്നിധിയിലേക്ക് ഇനിയൊരാഴ്ചക്കാലം തീര്‍ത്ഥാടക പ്രവാഹമാകും.
കൂട്ട സിയാറത്ത്
സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടികയറ്റം നടത്തിയതോടെയാണ് 185-ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട് ദുആക്ക് നേതൃത്വം നല്‍കി. അസര്‍ നമസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
പണ്ഡിത നിര
നൂറുകണക്കിന് പണ്ഡിതരും നേതാക്കളുമാണ് ചടങ്ങിനെതിയത്.
കോയകുട്ടി തങ്ങള്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.എം സൈദലവി ഹാജി പുലിക്കോട്, ഡോ.യു വി കെ മുഹമ്മദ്, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, എ.കെ മൊയ്തീന്‍ കുട്ടി, പി.ടി അഹ്‌മദ്, ആശിഫ് ഹുദവി, കുരിതോടത്ത് സലീം തുടങ്ങിയവർ പങ്കെടുത്തു.
ബുധനാഴ്ച രാത്രി 7:30 ന് നടന്ന മജ്‌ലിസുന്നൂറിന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി കണ്ണന്തളി ആമുഖഭാഷണം നടത്തി.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണ പരമ്പര, ദുആ സംഗമം, സെമിനാര്‍, മൗലിദ് പാരായണം, സനദ് ദാനം, അനുസ്മരണം, അന്നദാനം, ഖത്മ് ദുആ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.
ഇന്ന് വ്യാഴം രാത്രി 7:30 ന് നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും.
നാളെ മുതല്‍ തിങ്കള്‍ കൂടിയ ദിനങ്ങളില്‍ രാത്രി 7:30 ന് മതപ്രഭാഷണങ്ങള്‍ നടക്കും. നാളെ വൈകീട്ട് ഏഴരക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രസംഗിക്കും. 22 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. 23 ന് ഞായറാഴ്ച രാത്രി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പരയുടെ അവസാന ദിവസമായ 24 ന് തിങ്കളാഴ്ച സമസ്ത കേന്ദ്ര മുശാവറാംഗം എം.പി മുസ്ഥഫല്‍ ഫൈസി ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നിര്‍വഹിക്കും.
‘മമ്പുറം തങ്ങളുടെ ലോകം’; ഗവേഷക സെമിനാര്‍ 23ന്
മമ്പുറം തങ്ങളുടെ മതസൗഹാര്‍ദ്ദ സന്ദേശങ്ങള്‍ ദേശവ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ 23 ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ‘മമ്പുറം തങ്ങളുടെ ലോകം’ എന്ന ശീര്‍ഷകത്തില്‍ ഗവേഷക സെമിനാര്‍ നടക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. ‘മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും’ എന്ന വിഷയത്തില്‍ മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍ ഡോ. ആര്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. ശിവദാസന്‍, ഇസ്തംബൂള്‍ യൂനിവേഴ്സിറ്റി ഗവേഷകന്‍ ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി, ഡോ. മോയിന്‍ ഹുദവി മലയമ്മ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും. സെമിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദാറുല്‍ഹുദാ വെബ്സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.
അന്നദാനം 26ന്
25 ന് ചൊവ്വാഴ്ച രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ 26 ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
ആത്മനിര്‍വൃതി പകര്‍ന്ന് മജ്‌ലിസുന്നൂര്‍
ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ ബദ്ര്‍ യുദ്ധത്തിന് സാക്ഷ്യം വഹിച്ച പ്രവാചക അനുചരന്മാരുടെ ഓര്‍മയില്‍ മമ്പുറം മഖാമില്‍ നടന്ന മജ്ലിസുന്നൂര്‍ സദസ്സ് വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതി പകര്‍ന്നു.
185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ആദ്യദിനമായ ഇന്നലെ രാത്രി നടന്ന മജ്ലിസുന്നൂര്‍ സദസ്സില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണെത്തിയത്. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി കണ്ണന്തളി ആമുഖഭാഷണം നടത്തി.
air one mamburam/ mamburam nercha