മലപ്പുറം: നിയമനാംഗീകാരം നല്‍കാത്തതിനെതിരെ വിവിധ അധ്യാപക സംഘടനകള്‍ സമരരംഗത്തിറങ്ങിയപ്പോള്‍ പ്രശ്‌നം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് പരിശോധനയെന്നും, മാന്യമായി ജോലി ചെയ്യുന്ന വകുപ്പ് ജീവനക്കാരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്ത് അവരെ അഴിമതിക്കാരായി ചിത്രീകരിക്കുന്ന നടപടിയാണ് ‘ഓപ്പറേഷന്‍ ജ്യോതി’ എന്ന പേരില്‍ നടക്കുന്ന പരിശോധനയെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ കമ്മിറ്റി ആരോപിച്ചു.
നിയമനം അംഗീകരിക്കുന്ന ‘സമന്വയ’ സോഫ്റ്റ്‌വെയര്‍ വകുപ്പ് തലവന്‍മാര്‍ മുതല്‍ മന്ത്രിക്കുവരെ നിരീക്ഷിക്കുവാന്‍ സാധിക്കുന്നതാണ്. നിലവില്‍ എല്ലാ നിയമനങ്ങളും ഇത് വഴിയാണ് നടക്കുന്നത്.
ഓരോ വര്‍ഷത്തെയും തസ്തിക നിര്‍ണയം പൂര്‍ത്തീകരിച്ച ശേഷം മാത്രമേ നിയമനം നടത്തുവാന്‍ കഴിയുകയുള്ളു. 2022-23 ലെ അധിക തസ്തിക നിര്‍ണയം ഇതുവരെ നടന്നിട്ടില്ലാത്തതിനാല്‍ നിയമനങ്ങള്‍ അംഗീകരിക്കുവാന്‍ കഴിയില്ല എന്ന വസ്തുത ആർക്കും ബോധ്യപ്പെടുന്നതാണ്. എന്നാൽ ഇതുപോലും വകുപ്പിലെ ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കാനാണ് സർക്കാർ നീക്കം.
പല വിദ്യാഭ്യാസ ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരില്ലെന്നതും തീരുമാനം എടുക്കേണ്ട ഉയര്‍ന്ന തസ്തികകളിലെ ജീവനക്കാര്‍ വിരമിച്ചതിന് ശേഷം പകരം നിയമനം ഇതുവരെ നടന്നിട്ടില്ലെന്നതും ഗൗരവമായ കാര്യമാണ്. സത്യസന്ധമായി ജോലിചെയ്യുന്ന ജീവനക്കാരെ കൂടി സമൂഹ മധ്യത്തിലും അധ്യാപകരുടെ മുമ്പിലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇത്തരം പരിശോധനാ നടപടികൾ ആശാസ്യമല്ലെന്നും, സർക്കാർ പിൻമാറണമെന്നും എസ്.ഇ.യു ജില്ലാ പ്രസിഡന്റ് വി.പി സമീറും ജനറൽ സെക്രട്ടറി എ.കെ ശരീഫും ആവശ്യപ്പെട്ടു.