റസാഖ് പരാതി ഉന്നയിച്ച സ്ഥാപനത്തിനെതിരെ സ്റ്റോപ് മെമ്മോ നൽകാൻ തീരുമാനിക്കുമെന്ന് സൂചന
പുളിക്കൽ: സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രാട്ടിന്റെ മരണത്തെത്തുടർന്ന് കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ സ്ഥാപനത്തിനെതിരെയും പുളിക്കൽ പഞ്ചായത്തിനെതിരെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്ത് ഭരണസമിതിക്കു മേൽ സമ്മർദ്ദം.
യുഡിഎഫ് പ്രതിഷേധത്തെത്തുടർന്ന് ഇന്നു വൈകിട്ട് ചേരുന്ന യോഗത്തിൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നാണു സൂചന. പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി സ്ഥാപനത്തിനെതിരെ നൽകിയ പരാതികളിൽ എൽഡിഎഫ് ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ നിന്നും പാർട്ടിയിൽ നിന്നും അനുകൂല നടപടിയുണ്ടായിട്ടില്ലെന്നു പലതവണ റസാഖ് ചൂണ്ടിക്കാട്ടിയിരുന്നു.
പഞ്ചായത്ത് അധികൃതർ മുതൽ മുകളിലോട്ടു നൽകിയ പരാതികൾ സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണ് റസാഖിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ഥാപനം അടച്ചുപൂട്ടുക, പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കുക, റസാഖിന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സമരം ശക്തമാക്കിയിരുന്നു. റസാഖിനോടു പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയും പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ദിവസം മുതൽ സ്ഥാപനത്തിനെതിരെ സിപിഎമ്മും രംഗത്തുവന്നിട്ടുണ്ട്.