മലപ്പുറം: മൂന്നാർ – ബെംഗളൂരു ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത നിലയിൽ. ഇരുവരെയും തിരൂരങ്ങാടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാത്രി പതിനൊന്നരയോടെയാണു സംഭവം. മൂന്നാറിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ്സിലാണ് സംഭവമുണ്ടായത്.
ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ വെന്നിയൂരിൽ എത്തിയപ്പോൾ ആണു യുവാവിന്റെ ആക്രമണമുണ്ടായതെന്നു പറയുന്നു. ഉടൻ തിരൂരങ്ങാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. പരിക്കേറ്റ യുവതി ഗൂഡല്ലൂർ സ്വദേശിയാണെന്നാണു പ്രാഥമിക വിവരം. യുവാവ് വഴിയിൽനിന്നു കയറിയ ആളാണെന്നു പറയുന്നു. തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി. യാത്രക്കാർ നൽകിയ വിവരങ്ങൾക്ക് പുറമെ, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.