കരിപ്പൂർ: എയർപോർട്ടിനു സമീപം കിണർ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെ കാൽ വഴുതി 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ കിണർ തൊഴിലാളിയെ മലപ്പുറം അഗ്നി രക്ഷാ സേന രക്ഷപെടുത്തി.പാണ്ടിക്കാട് സ്വദേശി ലത്തീഫ് (50) ആണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പള്ളിക്കൽ പഞ്ചായത്തിൽ മൂനാ മഹലിൽ താമസിക്കുന്ന മൈമൂനയുടെ വീട്ടിലെ കിണർ വൃത്തിയാക്കി കയറുന്നതിനിടെ ആണ് അപകടം സംഭവിച്ചത്.

ഉടനെ വീട്ടുകാർ മലപ്പുറം അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. സേന സംഭവ സ്ഥലത്തെത്തുമ്പോൾ കിണറിൽ തൊഴിലാളി ഗുരുതര പരിക്കുകളോടെ വീണു കിടക്കുകയായിരുന്നു. രക്ഷിക്കാൻ വേണ്ടി മറ്റു 2 പേരും കിണറിൽ ഇറങ്ങിയിരിരുന്നു. ഉടനെത്തന്നെ സേന അംഗമായ എസ് പ്രദീപ്, ഹാർനെസ്സും റോപ്പും ഉപയോഗിച്ച് കിണറിൽ ഇറങ്ങി. റെസ്ക്യൂ വലയുടെ കൂടെ സ്ട്രെച്ചർ ഇറക്കി അതിൽ കിടത്തി നാട്ടുകാരുടെ സഹായത്തോടെ ലത്തീഫിനെ കിണറിനു മുകളിലേക്ക് എത്തിക്കുകയായിരുന്നു. കാലിനു ഗുരുതര പരിക്കേറ്റതിനാൽ ഉടനെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എം എച് മുഹമ്മദ് അലി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ സ് പ്രദീപ്, കെ ഷാജു, എൻ ജംഷാദ്, കെ ജിഷ്ണു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവറായ എം ഫസലുള്ള, ,ഹോം ഗാർഡ് കെ കൃഷ്ണകുമാർ, തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



