കരിപ്പൂർ: ഇന്ന് രാവിലെ റിയാദിൽനിന്നും ജിദ്ദയിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1704 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ രണ്ടു യാത്രക്കാരിൽ നിന്നുമായി പിടികൂടി.
ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ കോളകാട്ടിൽ ഉമ്മർ ഫറൂഖിൽ (43) നിന്നും 638 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്സൂളുകളും ഫ്‌ളൈനാസ് എയർലൈൻസ് വിമാനത്തിൽ റിയാദിൽ നിന്നും എത്തിയ വയനാട് പരിയാരം സ്വദേശിയായ അറക്കൽ റഹ്മത്തുള്ളയിൽ (41) നിന്നും 1066 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്സൂളുകളുമാണ് കസ്റ്റംസ് പിടികൂടിയത്.
രണ്ടു കേസുകളിലും പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം മറ്റു തുടർനടപടികൾ സ്വീകരിക്കുന്നതാണെന്ന് കസ്റ്റംസ് അറിയിച്ചു