കൊണ്ടോട്ടി: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൊണ്ടോട്ടി പുളിക്കലിലെ എബിലിറ്റി ക്യാംപസിന് സംസ്ഥാന സർക്കാരിന്റെ മകച്ച സർക്കാർ ഇതര ഭിന്നശേഷി സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. ബുധനാഴ്ചയാണ് സർക്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2009 മുതൽ എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കുമായി പുളിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബ്ൾഡ്.
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മകച്ച സർക്കാർ ഇതര ഭിന്നശേഷി സ്ഥാപനത്തിനുള്ള പുരസ്കാരമാണ് എബിലിറ്റിക്കു ലഭിച്ചത്.
സാന്ത്വനം, കൗൺസിലിങ്, വിവിധ തെറപ്പികൾ എന്നിവ നൽകി സന്തോഷ ജീവിതത്തിലേക്ക് എത്തിക്കുകയാണ് എബിലിറ്റിയുടെ ലക്ഷ്യം. പരിമിതകളല്ല, അവരുടെ കഴിവുകൾ കണ്ടെത്തുകയാണ് എബിലിറ്റി ചെയ്യുന്നതെന്നു ചെയർമാൻ കെ.അഹമ്മദ്കുട്ടി പറഞ്ഞു.
വീടിനു പുറത്തിറങ്ങാതെ വർഷങ്ങളോളം കഴിച്ചുകൂട്ടിയ പലരും എബിലിറ്റിയിലെ പരിശീലനത്തിലൂടെ തൊഴിലെടുത്തു ജീവിക്കുന്നുണ്ട്. തുടർച്ചയായി നടത്തുന്ന പിഎസ് സി പരിശീലനമാണു മറ്റൊരു പ്രത്യേകത. പിഎസ് സി വഴി എന്നാണോ ജോലി ലഭിക്കുന്നത് അതുവരെ അവർക്കു പരിശീലനം നൽകിക്കൊണ്ടിരിക്കുന്നുണ്ട്. 15 പേർക്ക് ഇതിനകം ജോലി ലഭിച്ചു. ഓൺലൈൻ ആയി ഐഎഎസ് പരിശീലനവും കാഴ്ച പരിമിതർക്കായി ശബ്ദ സംവിധാനങ്ങളുടെ കംപ്യൂട്ടർ പരിശീലനവും നൽകുന്നുണ്ട്.
കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ബധിരർക്കു മാത്രമുള്ള കോളജ് എബിലിറ്റി ക്യാംപസിൽ പ്രവർത്തിക്കുന്നുണ്ട്.