കരിപ്പൂർ: അനധികൃത ക്വാറിയിൽനിന്ന് വൻ സ്ഫോടക വസ്തു ശേഖരം കരിപ്പൂർ പോലീസ് പിടികൂടി. കോട്ടാശ്ശേരി ചെറേക്കാട് ഭാഗത്തെ അനധികൃത ക്വാറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 2 പേരെ അറസ്റ്റ് ചെയ്തതായി കരിപ്പൂർ സിഐ പി.ഷിബു അറിയിച്ചു.
കൊണ്ടോട്ടി കൊട്ടുക്കര പടിപ്പുകണ്ടതിൽ എ. സുരേഷ് ബാബു (41), അരിമ്പ്ര കരിമ്പനക്കൽ സിദ്ദീഖ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫ്യൂസ് ഘടിപ്പിച്ച 295 ഡിറ്റനേറ്റർ, 1479 ജലാറ്റിൻ സ്റ്റിക്കുകൾ, 140 ഡിറ്റനേറ്റർ, വയർ, രണ്ടു കംപ്രസ്സർ, 2 മണ്ണുമാന്തി യന്ത്രങ്ങൾ, 3 ലോറികൾ തുടങ്ങിയവ പിടികൂടിയതായി പോലീസ് അറിയിച്ചു. ക്വാറി നടത്തിപ്പുകാർക്കെതിരെയും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന ആൾക്കെതിരെയുമാണു കേസ് എന്നു പോലിസ് അറിയിച്ചു. ഒരാളെ പിടികൂടാനുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.