യുഎഇ അജ്മാനിൽ നടന്ന ഡഫ് ക്രിക്കറ്റ് ട്വന്റി 20 ചാംപ്യൻസ് ട്രോഫിയിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗം മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈലിനു കരിപ്പൂർ വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 39 റൺസിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.
ടൂർണമെന്റിൽ തോൽവി അറിയാതെ കളിച്ച ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ആയിരുന്നു പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ പി.ആർ.മുഹമ്മദ് സുഹൈൽ. 2020 മുതൽ ഇന്ത്യൻ ഡഫ് ക്രിക്കറ്റ് ടീമിന്റെ ഭാഗമാണ് പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ പി.ആർ.മുഹമ്മദ് സുഹൈൽ., മികച്ച ഇടംകയ്യൻ ബൗളറായ സുഹൈൽ, ബധിര വിഭാഗത്തിനു വേണ്ടിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിന്റെ നായകനാണ്.
ചൊവ്വാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സുഹൈലിനെ സ്വീകരിക്കാൻ മാതാവ് ആസ്യ, ഭാര്യ ഫാത്തിമ ഷെറിൻ, മക്കളായ സൈനബ്, ഹിമാദ് അബ്ദുല്ല, സഹോദരൻ സാജിദ് തുടങ്ങിയ കുടുംബാഗങ്ങൾക്കു പുറമേ, മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പ്രദീപ്, ഡഫ് ക്രിക്കറ്റ് ഭാരവാഹികൾ തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.