മലപ്പുറം: ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം നിഷേധിക്കുന്ന നടപടി തുടർച്ചയായ മൂന്നാം വർഷത്തിലേക്ക് ദീർഘിപ്പിച്ചു കൊണ്ട് സർക്കാർ വീണ്ടും കറുത്ത ഉത്തരവ് പുറത്തിയക്കിയതിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) മലപ്പുറം സിവിൽ സ്റ്റേഷനിൽ നിൽപ്പ് സമരം നടത്തി.
ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തും പുതുപുത്തൻ കാറുകളുമായി ഒരു വശത്ത് തുല്യതയില്ലാത്ത ഭരണധൂർത്ത് അരങ്ങേറുമ്പോൾ, മറുവശത്ത് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ പോലും തട്ടിയെടുക്കുന്നത് വിരോധാഭാസമാണെന്നും, ഇടതു യൂണിയനുകൾ ന്യായീകരണങ്ങൾ കൊണ്ട് അന്യായങ്ങൾക്ക് ചൂട്ടുപിടിക്കുകയാണെന്നും സംഗമം ചൂണ്ടിക്കാട്ടി. കേന്ദ്രം അനുവദിച്ച നാലു ഗഡു ക്ഷാമബത്തകൾ അടിയന്തരമായി അനുവദിച്ച് ഇടതുസർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും എസ്.ഇ.യു ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ആമിർ കോഡൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സമീർ വി.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹമീദ് കുന്നുമ്മൽ, ജില്ലാ സെക്രട്ടറി ഷരീഫ് എ.കെ, ഷരീഫ് സി, നാഫിഹ് സി.പി, അഷറഫ് പി, ആബിദ് അഹമ്മദ് സി.പി, യൂനുസ്, അനസ് വെട്ടുപാറ, ഗഫൂർ പഴമള്ളൂർ, റിയാസ് സി പി,ഫക്രുദ്ധീൻ, അമീനുസ്ലമാൻ, മുജീബ്, മുഹ്യുദ്ധീൻ വി തുടങ്ങിയവർ നേതൃത്വം നൽകി