മൊറയൂർ: ഇരുപത് വർഷമായി കുട്ടികൾക്കും യുവാക്കൾക്കും സൗജന്യ ഫുട്ബോൾ പരിശീലനം നൽകി വരുന്ന കൂട്ടായ്‌മയാണ് അരിമ്പ്ര മിഷൻ സോക്കർ അക്കാദമി. കുട്ടികളും പരിശീലകരും ചേർന്ന് തങ്ങളുടെ പ്രദേശത്തെ മുൻ ഫുട്ബോൾ താരവും മികച്ച സംഘാടകനുമായിരുന്ന വൃക്കരോഗിയുടെ ചികിത്സക്കായി സഹായിച്ചത് ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപയാണ്. 2002 മുതൽ 2015 വരെ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കന്ററി സ്കൂൾ കേന്ദ്രീകരിച്ചും തുടർന്ന് അരിമ്പ്ര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കേന്ദ്രീകരിച്ചും ഓരോ വർഷവും നൂറിലധികം കുട്ടികൾക്ക് അക്കാദമിയിൽ പരിശീലനം നൽകുന്നുണ്ട്. ഇന്റർ നാഷണൽ താരം അനസ് എടത്തൊടിക ഉൾപ്പെടെ നിരവധി താരങ്ങൾക്ക് ബാല പാഠങ്ങൾ നൽകി മികച്ച അവസരങ്ങളിലേക്ക് നയിച്ച ഫുട്ബോൾ കളരിയാണ്.
അരിമ്പ്ര സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ അക്കാദമിയിലെ ഇളമുറ താരങ്ങളായ സി.കെ റാസിനും എം.റിൻഷാദും ചേർന്ന് ചികിത്സാ സഹായ സമിതി ചെയർമാൻ എം.സി മുഷ്താഖ് ബാബുവിനും കൺവീനർ ഹസൻ പറമ്പാടനും തുക കൈമാറി.
മൊറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുണ്ടക്കോടൻ ചടങ്ങ് ഉൽഘാടനം ചെയ്തു.
2015 ന് ശേഷം വ്യത്യസ്ഥ സന്ദർഭങ്ങളിലായി വിവിധ രോഗികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി പത്ത് ലക്ഷത്തോളം രൂപയുടെ ധന സഹായം നൽകാൻ അക്കാദമിക്ക് സാധിച്ചിട്ടുണ്ടെന്നു അക്കാദമിയുടെ പ്രസിഡന്റ് എം. അസ്ലം ഖാൻ അറിയിച്ചു.
അസൈനാർ ബാബു, എ.പി ഇബ്രാഹീം, ഇ.ആലിപ്പ, മൂസ, പൂന്തല വീരാൻ കുട്ടി ഹാജി, വി.പി അബൂബക്കർ, എം.സമീർ ബാബു, ഷരീഫ് ഒഴുകൂർ, സി.കെ.ഷാഫി മാസ്റ്റർ, പുലിക്കുത്ത്, ഷരീഫ് നാറക്കോടൻ, ഷറഫുദ്ദീൻ , അരിമ്പ്ര ജി.വി.എച്ച്.എസ് സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡോ. സി.ടി അജ്മൽ, പ്രിൻസിപ്പൽ എൻ.അലി തുടങ്ങിയവർ പ്രസംഗിച്ചു.