കരിപ്പൂർ: സൈക്കിൾ പാർട്സിൽ സ്വർണം ഒളിപ്പിച്ചു കരിപ്പൂരിൽ എത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. കോഴിക്കോട് എടകുളം ചേങ്ങോട്ടുകാവ് അബ്ദുൽ ഷരീഫ് ആണ് കസ്റ്റംസിന്റെ പിടിയിലായത്.
അൽഐനിൽ നിന്നു കരിപ്പൂരിൽ ഇറങ്ങിയ അബ്ദുൽ ഷരീഫ് കൊണ്ടുവന്ന ലഗേജിലായിരുന്നു സൈക്കിൾ. അതിൽ സീറ്റിന്റെ ഉയരം കൂട്ടാൻ ഉപയോഗിക്കുന്ന ഭാഗമായിരുന്നു സ്വർണം. ഈ സിലിണ്ടർ, സ്വർണം ഉപയോഗിച്ചു നിർമിച്ചതായിരുന്നുവന്നു കണ്ടെത്തി.
വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് സ്വർണം കണ്ടെത്താനായത്. ലോഹത്തോടൊപ്പം ചേർത്ത് ഇത്തരത്തിൽ സ്വർണക്കടത്ത് മുൻപ് പിടികൂടിയിട്ടില്ലെന്നാണു നിഗമനം. 1243 ഗ്രാം സിലിണ്ടറിൽനിന്ന് 1037 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു.
സിലിണ്ടറിന്റെ 80 ശതമാനത്തിലേറെയും സ്വർണമായിരുന്നുവെന്നും ഏറെ പരിശ്രമത്തിനൊടുവിലാണു കണ്ടെത്താനായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.