കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ നീക്കങ്ങളിൽ പൊളിഞ്ഞത് വൻ സ്വർണക്കടത്ത്. വിമാനക്കമ്പനി ജീവനക്കാരുടെ സഹായത്തോടെ പുറത്തു കടത്താൻ ശ്രമിച്ച 5 കിലോയോളം സ്വർണ മിശ്രിതമാണു വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇക്കഴിഞ്ഞ 12 നു രാവിലെ ദുബായിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരൻ കൊണ്ടുവന്ന ലഗേജിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. ഈ ലഗേജ് കൈപ്പറ്റാൻ യാത്രക്കാരൻ എത്തിയില്ല. തുടർന്ന് ബുധനാഴ്ച രാത്രി കസ്റ്റംസ് പെട്ടി തുറന്നു പരിശോധിക്കുകയായിരുന്നു. സീനിയർ എക്സിക്യൂട്ടീവ് റാംപ് സൂപ്പർവൈസർ സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജൻറ് സാമിൽ എന്നിവരെ കസ്റ്റഡിയിലെടുത്തതായി കസ്റ്റംസ് അറിയിച്ചു.
രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് നടത്തിയ പഴുതടച്ച നീക്കങ്ങളാണു സ്വർ ണക്കടത്ത് ശ്രമം പൊളിച്ചത്. ലഗേജ് സംശയാസ്പദമായ രീതിയിൽ പുനഃപരിശോധനയ്ക്കായി കസ്റ്റംസ് മാറ്റിവച്ചു. ഇതിനിടെ, സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് പരിശോധിച്ചു.
സാജിദ് റഹ്മാന്റെ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തി. യാത്രക്കാരൻ ലഗേജ് കൈപ്പറ്റാൻ ലഗേജ് കൈപ്പറ്റാൻ എത്തിയതുമില്ല. തുടർന്ന് സാക്ഷികളുടെ സാന്നിധ്യത്തിൽ പെട്ടി തുറന്നു പരിശോധിച്ചപ്പോൾ സ്വർണ മിശ്രിതം കണ്ടെത്തി. തുണിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു. വയനാട് സ്വദേശിയുടെ പേരിലായിരുന്നു ലഗേജ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നു കസ്റ്റംസ് അറിയിച്ചു.