ഐക്കരപ്പടി: ചെറുകാവ് പഞ്ചായത്തിൽ
ദേശീയപാതയോട് ചേർന്ന് ഐക്കരപ്പടി-കാക്കഞ്ചേരി റോഡ് തുടങ്ങുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള വലിയ മാലിന്യക്കൂമ്പാരങ്ങൾ തെരുവുനായ്ക്കൾ പെരുകാൻ ഇടയാക്കുന്നതായി പരാതി.
ചെറുകാവ് ഗ്രാമ പഞ്ചായത്തിന്റെ ഹരിതകർമ്മ സേന, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് അജൈവ മാലിന്യങ്ങൾ ശേഖരിച്ച് വെക്കുന്നതിന് സ്ഥാപിച്ച മിനി എം.സി.എഫ് കൂടിന് ചുറ്റുമായാണ് പലരും മാലിന്യം തള്ളുന്നത്.
ഇവിടെ കുമിഞ്ഞ് കൂടുന്ന മാലിന്യ കവറുകൾ തെരുവ് നായകൾ കടിച്ചെടുത്ത് റോട്ടിൽ വിതറുന്നുണ്ട്. തൊട്ടടുത്ത തോട്ടിലേക്ക് വീണ് ജലസ്രോതസ്സ് മലിനപ്പെടുന്നുമുണ്ട്.
തെരുവ് നായകളുടെ വിഹാരകേന്ദ്രമായി മാറുന്നതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വാഹന, കാൽനട യാത്രക്കാർക്കും ഏറെ ഭീഷണിയും പ്രയാസങ്ങളുമുണ്ടാവുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്തിലെ വിവിധ മിനി എം.സി.എഫുകളുടെ പരിസരങ്ങളിലും ഇത്പോലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതിയുയർന്നിട്ടുണ്ട്. ഇവിടങ്ങളിലെ നിരീക്ഷണ ക്യാമറകളിലൂടെ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.