കൊണ്ടോട്ടി: മേലങ്ങാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഒരു ലക്ഷം രൂപയോളം ചെലവിട്ടു നിർമിച്ച പാർക്ക്.
അടുത്ത മേയിൽ വിരമിക്കുന്ന അദ്ധ്യാപകൻ വിദ്യാർത്ഥികൾക്ക് സമ്മാനമായി ഒരുക്കിയതാണിത്.
കൊണ്ടോട്ടി മേലങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ശാസ്ത്ര അധ്യാപകൻ അഷ്റഫ് മുസ്‌ലിയാരകത്ത് ആണ് താൻ 26 വർഷമായി ജോലി ചെയ്യുന്ന സ്കൂളിന് വലിയ സമ്മാനം ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രാശയങ്ങളാൽ അലങ്കൃതമായ ചുമരുകൾ സ്വയം വിവരണാത്മകമായ ശാസ്ത്ര പരീക്ഷണ സാമഗ്രികളും കുറിപ്പുകളും കൊണ്ട് നിറഞ്ഞതാണ്.
കുട്ടികൾക്ക് സ്വയം പരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കും വിധത്തിലാണ് പാർക്ക് ക്രമീകരിച്ചത്.
സർവ്വശിക്ഷാ കേരളം, ബി ആർ സി കൊണ്ടോട്ടി എന്നീ ഏജൻസികളുടെ അക്കാദമിക പിന്തുണയോടെ 5,6,7 ക്ലാസിലെ ടെക്സ്റ്റ് ബുക്കിനെയും പഠന പ്രവർത്തനങ്ങളെയും ആധാരമാക്കി തയ്യാറാക്കിയ ശാസ്ത്ര പരീക്ഷണങ്ങളാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. ഹെഡ്മാസ്റ്റർ പി കെ അബ്ദുസ്സലാം മാസ്റ്ററുടെ പിന്തുണയും സഹായവും ശാസ്ത്ര പാർക്ക് യാഥാർഥ്യമാക്കാൻ പ്രചോദനമായെന്ന് അഷ്റഫ് മാസ്റ്റർ പറഞ്ഞു.
പാർക്ക് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സെയ്തലവി മങ്ങാട്ട് പറമ്പൻ സ്കൂളിന് സമർപ്പിച്ചു ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് സാദിഖലി ആലങ്ങാടൻ അധ്യക്ഷതവഹിച്ചു. കൊണ്ടോട്ടി മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മടാൻ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ സുനിത, ഡി പി സി സുധീരൻ ചീരക്കുട,പ്രിൻസിപ്പൽ മാരായ റോയിച്ചൻ ഡൊമനിക്, ഷബീറലി കുണ്ടുകാവിൽ, മുൻ പ്രധാന അധ്യാപകൻ കുഞ്ഞമ്മദ് മാസ്റ്റർ,ഒ. എസ്. എ പ്രസിഡന്റ് മൂസ്സകോയ, സ്റ്റാഫ് സെക്രട്ടറി ശംസുദ്ദീൻ കലങ്ങോടാൻ, ഇസ്മായിൽ മാസ്റ്റർ, എസ് ബി ഐ ചീഫ് മാനേജർ എൻ. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.