കരിപ്പൂർ: സ്വർണവുമായി കസ്റ്റംസ് സൂപ്രണ്ടിനെ കോഴിക്കോട് വിമാനത്താവളത്തിൽ കരിപ്പൂർ പൊലീസ് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശി പി.മുനിയപ്പൻ ആണു പിടിയിലായത്. ഇയാളിൽനിന്ന് 320 ഗ്രാം സ്വർണം കണ്ടെടുത്തു.
വിമാനത്താവളത്തിനു സമീപം ഇയാൾ താമസിക്കുന്ന മുറിയിൽ നിന്ന് യാത്രക്കാരുടെ 4 പാസ്പോർട്ടും 4,42,980 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കാസർകോട് സ്വദേശികളായ 2 യാത്രക്കാർ 320 ഗ്രാം വീതം സ്വർ ണവുമായാണ് എത്തിയിരുന്നത്.
ഒരാൾക്ക് നികുതി അടയ്ക്കാൻ നോട്ടിസ് നൽകി. മറ്റൊരാളുടെ സ്വർണം കസ്റ്റംസ് സൂപ്രണ്ട് കൈവശം വച്ചു. വിമാനത്താവളത്തിനു പുറത്ത് കരിപ്പൂർ സിഐ പി.ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് കസ്റ്റംസ് സൂപ്രണ്ടിൽനിന്നു സ്വർണം ലഭിച്ചത്.
പിടികൂടിയ ശേഷമാണ് ഇയാൾ ഉദ്യോഗസ്ഥനാണെന്നു മനസ്സിലായതെന്നു പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ടവർക്കു റിപ്പോർട്ട് നൽകുമെന്നു ഡിവൈഎസ്പി കെ.അഷ്റഫ് അറിയിച്ചു.