കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കൊണ്ടോട്ടി, പള്ളിക്കൽ വില്ലേജുകളുടെ അതിരു സംബന്ധിച്ച നടപടികളിൽ കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും രണ്ടു തട്ടിൽ. സർവേയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അധികൃതർക്കു സാധിച്ചിട്ടില്ലെന്നാണു പള്ളിക്കൽ പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാൽ, ഉദ്യോഗസ്ഥരുടെ തീരുമാനം അംഗീകരിച്ചതായി കൊണ്ടോട്ടി നഗരസഭാ അധികൃതരും അറിയിച്ചു.
പള്ളിക്കൽ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭയിലുമായാണു കോഴിക്കോട് വിമാനത്താവളം.
വിമാനത്താവളത്തിൽ നിന്നു ലഭിക്കുന്ന നികുതി സംബന്ധിച്ച കാര്യങ്ങളും മറ്റും തർക്കമില്ലാതെ മുന്നോട്ടു പോകുന്നതിനാണു നേരത്തേ അതിരു നിശ്ചയിച്ചത്. കൊണ്ടോട്ടി നഗരസഭയുടെ ആവശ്യപ്രകാരമായിരുന്നു അന്നത്തെ സർവേ. എന്നാൽ, മുൻപു നടത്തിയ സർവേ ഏകപക്ഷീയമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി പള്ളിക്കൽ പഞ്ചായത്ത് അധികൃതർ പരാതി നൽകിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച, റവന്യു അധികൃതരുടെ സാന്നിധ്യത്തിൽ, സംയുക്ത സർവേ നടപടികൾക്കായി, ഇരു തദ്ദേശ സ്ഥാപന പ്രതിനിധികളെയും വിളിച്ചത്. കാര്യങ്ങൾ ഇരുവിഭാഗങ്ങൾക്കും കാണിച്ചു കൊടുത്തു ബോധ്യപ്പെടുത്തിയതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
തീരുമാനം അംഗീകരിച്ചതായി കൊണ്ടോട്ടി നഗരസഭാ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ എ.മുഹിയുദ്ദീൻ അലി അറിയിച്ചു.
അതേസമയം, അംഗീകരിക്കാനാകാത്ത തീരുമാനമാണെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി പറഞ്ഞു.