തൃശൂരിൽ സമാപിച്ച സംസ്ഥാന റവന്യൂ കലോത്സവത്തിൽ മലപ്പുറം ജില്ലക്ക് അഞ്ചാം സ്ഥാനം.ആധിഥേയരായ തൃശൂർ ജില്ലയാണ് ചാമ്പ്യന്മാർ. കണ്ണൂർ രണ്ടും കോട്ടയം മൂന്നും വയനാട് നാലും സ്ഥാനങ്ങൾ നേടി.
കായിക മത്സരങ്ങൾ സമാപിച്ചപ്പോൾ മലപ്പുറമായിരുന്നു മുന്നിൽ. എന്നാൽ കലാമത്സരങ്ങളിൽ നിരവധി ഇനങ്ങളിൽ പങ്കെടുക്കാൻ ജില്ലക്ക് ആളില്ലാത്തതിനാൽ പോയിന്റ് ടേബിളിൽ മലപ്പുറം പിറകോട്ടുപോയി.
മത്സരിച്ച കലാ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് മലപ്പുറം ജില്ല കാഴ്ച്ചവെച്ചത്.
പങ്കെടുത്ത വ്യക്തിഗത മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ ജില്ലയിലെ മത്സരാർത്ഥികൾക്കായി. പുരുഷന്മാരുടെ ഒപ്പനയിൽ മലപ്പുറം ജില്ല രണ്ടാമത്തെത്തി.
ലളിതഗാനത്തിൽ സുഭാഷ് എ. പി. ഒന്നും സ്ത്രീ മിമിക്രിയിൽ ലേഖ.എ, പുരുഷ മിമിക്രിയിൽ ശംസു മംഗലശ്ശേരി, പ്രസംഗത്തിൽ കൃഷ്ണൻ മങ്കട , കവിതാലാപനത്തിൽ കുമാരി ദീപ പെൻസിൽ ഡ്രോയിങ്ങിൽ ജേക്കബ് കെ.സി എന്നിവർ മൂന്നാമതെത്തി
ഏഴ് ഗ്രൂപ്പിനങ്ങളിൽ ആറിലും ജില്ലക്ക് വേണ്ടി മത്സരിച്ചത് ജില്ലാ ചാമ്പ്യന്മാരായ തിരൂരങ്ങാടി താലൂക്ക് ആയിരുന്നു. തിരുവാതിര മത്സരത്തിൽ കളക്ട്രേറ്റ് ടീമാണ് ജില്ലക്ക് വേണ്ടി മത്സരിച്ചത്.
തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ് മണവാളനായ രണ്ടാം സ്ഥാനം നേടിയ ഒപ്പന ടീമിനെ നയിച്ചത് കോളേജ് തലത്തിലെ ചാമ്പ്യന്മാരായ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ മുൻ ഫൈനാർട്‌സ് സെക്രട്ടറിയും ടെന്നീസിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വർണ്ണമെഡൽ നേട്ടക്കാരനും; കേരള സംസ്ഥാന ടീമംഗവുമായിരുന്ന എം.ഫൈറൂസ് ആണ്. 14 മത്സരാർത്ഥികൾ മാറ്റുരച്ച വാശിയേറിയ മോണോആക്ട് മത്സരത്തിലും രണ്ടാം സ്ഥാനം ഫൈറൂസിനായിരുന്നു.
ജില്ലക്ക് വേണ്ടി രണ്ട് കലാ മത്സരങ്ങളിൽ വിജയിച്ചത് ഫൈറൂസ് മാത്രമാണ്. വിക്ടർ ജോർജ് ഫോട്ടോഗ്രാഫി മത്സര വിജയിയായ ഫൈറൂസ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫോട്ടോഗ്രാഫി മത്സരത്തിലെയും പൂക്കള മത്സരത്തിലെയും ഒന്നാംസ്ഥാനക്കാരൻ കൂടിയാണ് .
റവന്യൂ കലോത്സവത്തിൽ ഗ്രൂപ്പിനങ്ങളായ നാടകം, മൈം, ഒപ്പന (പുരുഷ,വനിത) ഇനങ്ങളിൽ ജില്ല ടീമുകളുടെ പരിശീലകനും ഫൈറൂസായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ നിരവധി തവണ ബെസ്റ്റ് ആക്ടർ പട്ടം നേടിയ ഫൈറൂസ് മാപ്പിള കലകൾക്ക് പുറമേ രങ്കോലി, നാടകം, പരിച്ചമുട്ട്, നാടോടി നൃത്തം എന്നീ ഇനങ്ങളിലും സി-സോൺ വിജയിയാണ്. കെ-റെയിൽ മലപ്പുറം ജില്ലാ ഓഫീസിലെ ജീവനക്കാരനാണ്.
നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, ഒപ്പന സ്ത്രീകൾ , ഒപ്പന പുരുഷന്മാർ, മൈം, നാടോടി നൃത്തം എന്നിവയാണ് തിരൂരങ്ങാടി താലൂക്കിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച ഗ്രൂപ്പിനങ്ങൾ.
അടുത്ത വർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ റവന്യൂ കലോത്സവം സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ സമാപന സമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ ഇഞ്ചമുടി സ്‌പെഷ്യൽ വില്ലേജ് ഓഫീസർ രാധാകൃഷ്ണൻ കെ.ബി കലാപ്രതിഭയായും, തൃശൂർ കാലക്ട്രേറ്റിലെ ക്ലർക്കായ റോമി ചന്ദ്രമോഹൻ കലാതിലകമായും തിരഞ്ഞെടുത്തു.
തൃശൂർ ജില്ലാ കലക്ടർ ഹരിത തിരുവാതിര മത്സരത്തിൽ തൃശൂരിന് വേണ്ടി വേദിയിലെത്തിയത് കാണികളിൽ ആവേഷമുയർത്തി. ഒന്നാമതെത്തിയതും തൃശൂർ ടീമുതന്നെ.