വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രയാസത്തിലാക്കി പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്ക് ലഭിക്കാൻ നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടത്തുന്ന ടെസ്റ്റിന് ആരാണ് നിർദ്ദേശം നൽകിയത് എന്ന് വ്യക്തമാക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എൽ.എ. ആവശ്യപ്പെട്ടു. ഇന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ നിയമസഭയിൽ വെച്ച് കണ്ട് ഇക്കാര്യം ചർച്ച ചെയ്യുകയും കത്ത് നൽകുകയും ചെയ്തിരുന്നു. ഈ വർഷം നീന്തൽ അറിവിന് ബോണസ് മാർക്ക് നൽകേണ്ടതില്ലന്ന് ഹയർ സെക്കണ്ടറി ഡയറക്ടർ ശുപാർശ ചെയ്തു എന്ന പത്ര റിപ്പോർട്ട്കളെ തുടർന്നാണ് മന്ത്രിയെ കണ്ടത്. ബോണസ് പോയന്റ് നൽകുന്നില്ലങ്കിൽ വിദ്യാർത്ഥികൾക്ക് ദുരിതം വിതച്ച് സ്പോട്സ് കൗൺസിൽ നടത്തുന്ന ടെസ്റ്റ് നിർത്തിവെയ്ക്കണം എന്നും ഇനി ബോണസ് പോയന്റ് നൽകുന്നുവെങ്കിൽ കുട്ടികൾക്ക് ടെസ്റ്റിന് മതിയായ സൗകര്യങ്ങളും പെൺകുട്ടികൾക്ക് അവരുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കാൻ നിർദ്ദേശിക്കണം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിച്ചത്. എന്നാൽ നീന്തൽ അറിവ് പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മന്ത്രി പ്രതികരിച്ചത്.
അതിനാൽ മുമ്പ് തദ്ദേശസ്ഥാപനങ്ങൾ വഴി വലിയ പ്രയാസമില്ലാതെ നൽകിയിരുന്ന സർട്ടിഫിക്കറ്റ് നാല് കേന്ദ്രങ്ങളിൽ വെച്ച് പരിശോധന നടത്താൻ ആരാണ് ചുമതലപ്പെടുത്തിയത് എന്ന് അധികൃതർ വ്യക്തമാക്കണം. കുട്ടികളും രക്ഷിതാക്കളും പ്രയാസപ്പെടുന്നതിന് പുറമെ പല പെൺകുട്ടികളും ഇത്തരം ബഹളങ്ങൾക്കിടയിൽ നീന്തുന്നതിന് മടി കാണിക്കുന്നതിന്നാൽ നീന്തൽ അറിവുണ്ടായിട്ടും സർട്ടിഫിക്കറ്റ് വാങ്ങാൻ ഇത്തരം കേന്ദ്രങ്ങളിലേക്ക് വരാൻ മടിക്കുകയാണെന്നും എം.എൽ എ കുറ്റപ്പെടുത്തി. പ്ലസ് വൺ പ്രവേശനത്തിനുള്ള പുതിയ പ്രോസ്പെക്ടസ് ഇത് വരെ പുറത്ത് വന്നിട്ടില്ല. അതിൽ നീന്തൽ അറിവിന് ബോണസ് പോയന്റ് ഉണ്ടെങ്കിൽ മാത്രം മതിയായ സൗകര്യം ഒരോ ബ്ലോക് തലത്തിൽ ഒന്ന് എന്ന് വിതം ഏർപ്പെടുത്തി സർട്ടിഫികറ്റ് നൽകുകയാണ് വേണ്ടത് എന്നും അത് വരെ ഈ ടെസ്റ്റ് നിർത്തിവെയ്ക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.