തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല യിൽ റാലിയും പ്രകടനങ്ങളുമെല്ലാം നടക്കുമ്പോൾ പോലീസിന്റെ നിരീക്ഷണം പതിവാണ്.
എന്നാൽ, പോലീസിന്റെ നോട്ടമില്ലാതെ ഒരു റാലി സർകലാശാലയിൽ നടന്നു. വായനാ ദിനത്തിന്റെ ഭാഗമായുള്ള അക്ഷര റാലി.
വേങ്ങര ഉപജില്ലയിലെ ഇരുമ്പുചോല എ.യു.പി സ്കൂൾ വിദ്യാർഥികളാണ് അക്ഷര കൂട്ട് തേടി കാമ്പസിലെത്തിയത്.
മലയാള അക്ഷരങ്ങളുടെ പ്ലക്കാർടേന്തി കാമ്പസ് വലയം വെച്ച് അവർ സി.എച്ച്.മുഹമ്മദ് കോയ ലൈബ്രററിയിലെത്തി. പുസ്തക ശേഖരത്തിലൂടെ കടന്നുപോയ വിദ്യാർഥികൾ ഡിജിറ്റൽ ലൈബ്രററി പരിചയപ്പെട്ടു. ഉന്നത പഠനകാലത്ത് മാത്രം എത്തിപ്പെടാൻ കഴിയുന്ന പുസ്തകങ്ങളുടെ ലോകം കുട്ടികളിൽ കൗതുകമായി.
അസിസ്റ്റന്റ ലൈബ്രേറിയൻ ഹബീബ് കോയ തങ്ങൾ വായനാദിന സന്ദേശം നൽകി. ജൂനിയർ ലൈബ്രേറിയൻ കെ.അബ്ദുൽ ലത്തീഫ് മോട്ടിവേഷൻ ക്ലാസെടുത്തു. എഴുത്തുകാരിയും ചിത്രകാരിയുമായ സി.എച്ച് മാരിയത്ത് കുട്ടികളുമായി സംവദിച്ചു. ടീം ലീഡർ കെ.റസാന നന്ദി പറഞ്ഞു. അധ്യാപകരായ ലത്തീഫ് കൊടിഞ്ഞി, കെ.കെ ഹംസക്കോയ എന്നിവർ നേതൃത്വം നൽകി.