കൊണ്ടോട്ടി: സ്വന്തമായി കാടുണ്ടാക്കി പ്രകൃതിയെ സ്നേഹിക്കുന്ന ഒരു പച്ച മനുഷ്യനുണ്ട്. പുളിക്കൽ അരൂർ സ്വദേശി ഇല്യാസ് എന്ന മണ്ണിനെ പ്രണയിച്ച കർഷകൻ. അധ്വാനിച്ചുണ്ടാക്കിയ പച്ചത്തുരുത്തിനുള്ളിലാണ് ഇല്യാസും കുടുംബവും കഴിയുന്ന പുരയിടം.
പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ പൂളക്കല്‍ മുക്കത്ത് ഇല്യാസിന്റെ കൃഷിയിടത്തിൽ ഇല്ല എന്നൊരു വാക്കില്ല. എന്തും വിളയുന്ന ഭൂമിയിലെ സ്വർഗമാണത്.
ഇവിടം സ്വർഗമാണ്
14 ഏക്കര്‍ ഭൂമി. ഇതില്‍ വീടിന്റെ പിന്നാമ്പുറത്തുള്ള കുന്നിന് പ്രദേശത്തെ രണ്ടേക്കറോളം കാടാണ്. മനുഷ്യരെപ്പോലെ പക്ഷികളും മൃഗങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പക്ഷക്കാരനാണ് ഇല്യാസും. ഇതിനായി വീടിന് പിന്നാമ്പുറത്ത് തെങ്ങ് കൃഷി ചെയ്തിരുന്നിടം കഴിഞ്ഞ 30 വര്‍ഷം കൊണ്ട് കാടാക്കി മാറ്റുകയായിരുന്നു.
അങ്ങനെ കാടുണ്ടാക്കി…
തേക്ക്, വീട്ടി, മഹാഗണി, ഇരുമ്പകം, രക്തചന്ദനം, അകില് തുടങ്ങി കാട്ടുമരങ്ങള്‍ നട്ടു. നിലമ്പൂരിലും പീച്ചിയിലുമുള്ള വനംവകുപ്പ് കേന്ദ്രങ്ങളില്‍ നിന്ന് ഇല്യാസ് ശേഖരിച്ചത് നൂറിലധികം വൃക്ഷത്തൈകളാണ്.
പലവിധ പക്ഷികളുടെയും കുരങ്ങ് ഉള്‍പ്പെടെ മറ്റു ചെറുജീവികളുടെയും വിഹാരകേന്ദ്രമാണിപ്പോൾ ഇവിടെ. അവിടത്തെ കായ്കളും കനികളുമെല്ലാം ആ ജീവികൾക്കുള്ളതാണ്.
25 സെൻ്റിൽ 18 ലധികം വിവിധങ്ങളായ മുളകളും
കുളങ്ങളും കൃഷിയും പശുവും, മീനും, താറാവും കോഴിയുമുണ്ട്. കോഴിക്കോട് ഐ.ടി.ഐയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമയായിരുന്നു ഇല്യാസിന്റെ പഠനം.
കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ചെരിപ്പിടാതെയാണ് നടത്തം. മണ്ണില്‍ ചവിട്ടി നടന്നാലേ ഇല്യാസിന് ഉറക്കം വരൂ.
പുരസ്കാരങ്ങളും
1998-99 വര്‍ഷത്തില്‍ മികച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ഇല്യാസിനെ തേടയത്തിയിയിട്ടുണ്ട്. അതൊന്നുമല്ല ഇല്യാസിന് സംതൃപ്തി – ഓരോ ദിവസവും ആ മണ്ണ് നൽകുന്ന സന്തോഷങ്ങളാണ്.