film

മലയാളത്തിലെ ആദ്യത്തെ സെൻസർ സർട്ടിഫിക്കറ്റ് നേടിയ ഫീച്ചർ ഫിലിം വീണ്ടും പ്രദശനത്തിനൊരുങ്ങുന്നു.

തേഞ്ഞിപ്പലം: ചലച്ചിത്രത്തിന്റെ പേര് – ‘ഉറങ്ങാത്തവർ ഉണരാത്തവർ’. കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ 36 വർഷം മുൻപ് പിറന്നതാണ് ആ സിനിമ. അതേ, കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നത്തിൽ പിറന്ന മലയാളത്തിലെ ആദ്യത്തെ വീഡിയോ ചലച്ചിത്രത്തിന് 36 വയസ്സ്…
ഏറെ അലച്ചിലിനൊടുവില്‍ വീഡിയോ കാസറ്റില്‍ നിന്ന് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയ ‘ ഉറങ്ങാത്തവര്‍ ഉണരാത്തവര്‍ ‘ എന്ന ആ സിനിമ പുതിയ തലമുറക്ക് മുന്നില്‍ വീണ്ടും പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് ഇതിന്റെ അണിയറക്കാര്‍.

വീഡിയോ കാണാൻ

ഒരു സിനിമാക്കഥ പോലെ

ഒരു സിനിമാക്കഥ പോലെ തന്നെയാണ് ഈ വീഡിയോ സിനിമയുടെ പുനര്‍ജനിയുടെ കഥയും.
സര്‍വകലാശാലാ ജീവനക്കാരനായിരിക്കെ ഗള്‍ഫിലേക്ക് പോയ എം. ആസാദ് 1985-ല്‍ തിരികെയെത്തുമ്പോള്‍ കൈയ്യില്‍ ജപ്പാന്‍ നിര്‍മിത ക്യാമറയുണ്ടായിരുന്നു. കലയെ ജീവനുതുല്യം സ്‌നേഹിച്ച ഒരുപറ്റം മനുഷ്യരുടെ അധ്വാനത്തിലൂടെയും ഒരു സര്‍വകലാശാലയുടെ ചരിത്രത്തിലൂടെയും മലയാളത്തിലെ ആദ്യ വീഡിയോ സിനിമ ആ ക്യാമറയിലൂടെ
പിറന്നു.

സെൻസർ സർട്ടിഫിക്കറ്റിൽ നമ്പർ ഒന്ന്

തിക്കോടിയിലെ ഒരു നെയ്ത്തുഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മണിയൂര്‍ ബാലന്റെ ‘ തെരുവ് ‘ എന്ന കഥയ്ക്കൊപ്പക്ക് സര്‍വകലാശാലാ ജീവനക്കാരായ ആസാദും എന്‍.പി. പ്രഭാകരനും ചേര്‍ന്നപ്പോള്‍ തിരക്കഥ രൂപം കൊണ്ടു. അന്നത്തെ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ആയിരുന്ന ടി.എന്‍. ജയചന്ദ്രന്‍ ഉള്‍പ്പെടെ സിനിമയെ സ്‌നേഹിച്ച ഒരു കൂട്ടമാളുകള്‍ കൂടെ നിന്നു. സര്‍വകലാശാലയിലെ പി.ടി. ദാമോദരന്‍ നമ്പ്യാരായിരുന്നു നിര്‍മാതാവ്.
ഒരു മണിക്കൂറും 40 മിനിറ്റും ഉള്ള സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി നടത്തിയ ശ്രമങ്ങളും മറ്റൊരു കഥയാണ്. കിട്ടിയപ്പോൾ നമ്പർ ഒന്ന്. സെൻസർ ബോർഡിൽ രജിസ്റ്റർ ചെയ്ത മലയാളത്തിലെ ആദ്യത്തെ ഫീച്ചർ ഫിലിം.

അമേരിക്ക വരെ പോയി
ഒടുവിൽ…

ബോര്‍ഡംഗങ്ങള്‍ക്ക് സിനിമ കാണാനുള്ള സാമഗ്രികളെല്ലാം വാടകയ്‌ക്കെടുത്ത് നല്‍കിയത് ഓർക്കുകയാണ് ആസാദ്.
വി.സി.ആറില്‍ ഗ്രാമങ്ങള്‍തോറും സിനിമ പ്രദര്‍ശിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍ പുതുമാതൃക തീര്‍ത്തു. മലയാളത്തിലെ മാധ്യമങ്ങളെല്ലാം സിനിമയിലെ പുതിയ മാറ്റത്തെ തിരിച്ചറിഞ്ഞു. പക്ഷേ മൊബൈല്‍ ഫോണില്‍പ്പോലും സിനിമയെടുക്കാവുന്ന കാലമെത്തിയപ്പോള്‍ ‘ ഉറങ്ങാത്തവര്‍ ഉണരാത്തവര്‍ ‘ വീഡിയോ കാസറ്റുകളില്‍ ഉറങ്ങിക്കിടപ്പായിരുന്നു.
സിനിമ എഡിറ്റ് ചെയ്യാനും സാങ്കേതിക മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ കാണികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ആസാദ് ഏറെ പരിശ്രമിച്ചു. പഴയ വീഡിയോ ടേപ്പ് ഡിജിറ്റൈസ് ചെയ്യാന്‍ അമേരിക്ക വരെ പോയി നോക്കി. ഒടുവില്‍ തൃശ്ശൂരില്‍ വെച്ചാണ് കാര്യം നടന്നത്. കാലത്തിന് മുന്നേ സഞ്ചരിച്ച ഈ സിനിമക്കും അതിന്റെ അണിയറക്കാര്‍ക്കും അര്‍ഹിച്ച അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
എങ്കിലും മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി ഈ വീഡിയോ ഫിലിം ഉണ്ടാകുമെന്ന വിശ്വസത്തിലാണ് അണിയറ പ്രവർത്തകർ.

വീണ്ടും പ്രദർശനത്തിന്

ഈ സിനിമയുടെ ഭാഗമായി നിന്ന പ്രധാനികളില്‍ ഭൂരിഭാഗം പേരും ഇന്നു ജീവിച്ചിരിപ്പില്ല. കൂടെ നിന്നവരുടെ അഭിനിവേശത്തിന് പ്രണാമം അര്‍പ്പിച്ച് സിനിമയുടെ പുതുക്കിയ പതിപ്പ് ജൂണ്‍ ആറിന് വൈകീട്ട് ആറരക്ക് സര്‍വകലാശാലാ ഗാന്ധിചെയറില്‍ പ്രദര്‍ശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button