തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ
യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ചരിത്ര വിജയം. കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാർഥിയാക്കുകയായിരുന്നു.
ഉമ തോമസ് (യുഡിഎഫ്), ഡോ.ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻ ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണൽ. തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്.
2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ വോട്ടെണ്ണലിന്റെ ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു. സ്ഥാനാർഥി പരാജയപ്പെട്ടതോടെ നൂറ് സീറ്റെന്ന എൽഡിഎഫ് മോഹം ഫലം കണ്ടില്ല.
ചിട്ടയായ പ്രവർത്തനമാണ് യുഡിഎഫ് നടത്തിയതെന്നും ഈ വിജയത്തെ ഗൗരവമായി പഠിച്ചു മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.