കരിപ്പൂർ: ഇത്തവണ കേരളത്തിൽ നിന്ന് 5274 പേർക്കാണ് അവസരം.
മെഹ്‌റം ഇല്ലാത്ത വനിതകളുടെ വിഭാഗത്തിൽ അപേക്ഷിച്ച 1694 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ബാക്കിയുള്ളവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
കരിപ്പൂരിലെ ഹജ് ഹൗസിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നറുക്കെടുപ്പ് നിർവഹിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയുടെ പുതിയ വെബ്സൈറ്റ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മെഹ്റം ഇല്ലാത്ത 45 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തിൽ 1694 പേരും ജനറൽ വിഭാഗത്തിൽ 8871 പേരും ഉൾപ്പെടെ 10,565 അപേക്ഷകരാണു കേരളത്തിലുള്ളത്.
പൊതുവായി 2871 സീറ്റും മെഹ്റം ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ 1694 സീറ്റും കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനത്തിനു വിഹിതമായി ലഭിച്ച 709 സീറ്റും ഉൾപ്പെടെ 5274 തീർഥാടകർക്കാണ് കേരളത്തിൽനിന്നുള്ള അവസരം.
ഇവരിൽ മെഹ്റം ഇല്ലാത്ത 1694 സ്ത്രീ തീർഥാടകർക്ക് നേരിട്ട് അവസരമുണ്ട്. ശേഷിക്കുന്ന 3580 തീർഥാടകരെ, 8861 ജനറൽ അപേക്ഷകരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ബാക്കിയുള്ളവരെ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെടുത്തി. അവസരം ലഭിച്ചവർ ആരെങ്കിലും യാത്ര റദ്ദാക്കുകയോ കേരളത്തിന് കൂടുതൽ സീറ്റ് ലഭിക്കുകയോ ചെയ്താൽ വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് അവസരം കിട്ടും.
എംഎൽഎ മാരായ ടി.വി.ഇബ്രാഹിം, സി.മുഹമ്മദ് മുഹ്‌സിൻ, ഹജ് അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി, ഹജ് കോ ഓർഡിനേറ്റർ അഷ്റഫ് അരയൻകോട് തുടങ്ങിയവർ പ്രസംഗിച്ചു.