കരിപ്പൂർ: ഖത്തറിൽ നിന്നെത്തിയ യാത്രക്കാരനെ പോലീസ് ആശുപത്രിയിലെത്തിച്ചു നടത്തിയ എക്സ്റേ പരിശോധനയിൽ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തി. കരിപ്പൂരിലെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനാണു പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് നടത്തിയ നീക്കമാണ് യാത്രക്കാരനെ കുടുക്കിയത്. ഇയാളെ കൊണ്ടുപോകാനെത്തിയ ആളും പിടിയിലായി.
തിങ്കളാഴ്ച അർധരാത്രിയോടെയാണു സംഭവം. സ്വർണം കടത്തുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് വിമാനത്താവളത്തിനു പുറത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. യാത്രക്കാരൻ പരിശോധനകൾ കഴിഞ്ഞു വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോൾ ആണു പോലീസ് പിടികൂടിയത്.
ഖത്തറിൽ നിന്നെത്തിയ യാത്രക്കാരൻ കോഴിക്കോട് സ്വദേശി ഇസ്മായിൽ, ഇയാളെ കൊണ്ടുപോകാനെത്തിയ കോഴിക്കോട് സ്വദേശി എന്നിവരെയാണു പിടികൂടിയതെന്നു പോലീസ് അറിയിച്ചു. ഇസ്മായിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധന നടത്തിയാണ് സ്ഥിരീകരിച്ചത്. തുടർന്ന് മിശ്രിത രൂപത്തിലുള്ള സ്വർണം പുറത്തെടുത്തു. ഏകദേശം 800 ഗ്രാം മിശ്രിതമാണു കണ്ടെടുത്തത്. മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുക്കും. തുടർ നടപടികൾക്കായി പിടിയിലായവരെ കസ്റ്റംസിനു കൈമാറുമെന്നു സിഐ സി.ഷിബു അറിയിച്ചു. എസ്ഐ അബ്ദുന്നാസർ പട്ടർകടവൻ, സിവിൽ പൊലീസ് ഓഫിസറായ അനീഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.