കോഴിക്കോട് ബീച്ചിനു സമീപം കാറിൽ നിന്നു മോഷണം പോയത് വെറുമൊരു ലാപ്ടോപ് മാത്രമല്ല. കാഴ്ചശക്തിയില്ലാത്ത സായുജ്യയുടെ കണ്ണുകളാണ് ആ ലാപ്ടോപ്. ഒരു മാസം മുൻപു നഷ്ടപ്പെട്ട ലാപ്ടോപ് എങ്ങനെയെങ്കിലും തിരിച്ചുകിട്ടുന്നതിന് സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ.
കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയാണ് തൃശൂർ എടമുട്ടം സ്വദേശിയായ സി.എസ്.സായൂജ്യ. കാഴ്ചശക്തിയില്ലാത്ത സായൂജ്യ ബിരുദതലം മുതൽ വായിച്ച കുറിപ്പുകളും ചെയ്ത ജോലികളുമെല്ലാം ഉണ്ടായിരുന്ന ആ ലാപ്ടോപ് കോഴിക്കോട് ബീച്ചിൽ വച്ചാണ് മോഷണം പോയത്. പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻസീറ്റിൽ വച്ചിരുന്ന ലാപ്ടോപ് ബാഗ് സഹിതം കാണാതായി. സ്ക്രീൻ റീഡർ ഉൾ പ്പെടെ കാഴ്ചശക്തിയില്ലാത്തവർക്കായുള്ള സോഫ്റ്റ് വെയറുകളും ഇതുവരെ ശേഖരിച്ച വിവരങ്ങളും ലാപ്ടോപ്പിലുണ്ട്. പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ലാപ്ടോപ് കണ്ടെത്താനായിട്ടില്ല. സായൂജ്യയുടെ പഠനവും ഗവേഷണവും മുടങ്ങിയ നിലയിലാണ്. ലാപ്ടോപ് വീണ്ടെടുക്കാൻ ഗവേഷക വിദ്യാർഥി കൂട്ടായ്മ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഫോൺ 9947756076.