EducationNews

കാഴ്ചപരിമിതർക്കായി ഇനി കൂടുതൽ പുസ്തകങ്ങൾ ബ്രെയ്ലി ലിപിയിൽ

പുളിക്കൽ: കാഴ്ച പരിമിതരുടെ പുനരധിവാസത്തിനായി പുളിക്കല്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ക്യാമ്പസ്, അതിനായി ആധുനിക സംവിധാനമുള്ള ബ്രെയ്ലി പ്രസ് ആരംഭിച്ചു.

സൗദിയിലെ വ്യവസായി അബ്ദുല്ല ആമിര്‍ ബിന്‍ മുനീഫ് അല്‍ നഹ്ദിയാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബ്രെയിലി പ്രസ് ഒരുക്കാനുള്ള സഹായം നൽകിയത്. ഒക്‌ടോബര്‍ 30ന് ജിഫ്ബി കാമ്പസില്‍ റിട്ട. ചീഫ് ജസ്റ്റിസ് കെമാല്‍പാഷ ഉദ്ഘാടനം നിര്‍വ്വഹിക്കും.

കാഴ്ചപരിമിതരുടെ വിജ്ഞാന സമ്പാദനത്തിന് സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏറെ സഹായകരമായിട്ടുണ്ടെങ്കിലും അക്ഷരങ്ങള്‍ കൈ കൊണ്ട് തൊട്ടറിഞ്ഞ് വായിക്കുന്നതിന്റെ അനുഭൂതി മറ്റൊരു ബദല്‍ സാങ്കേതിക വിദ്യക്കും പ്രദാനം ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവാണു അത്യാധുനിക ബ്രെയിലി പ്രസ്സ് എന്ന ആശയത്തിലേക്ക് ജിഫ്ബി എത്തിച്ചേര്‍ന്നത്.

പ്രസ്സില്‍ അച്ചടിച്ച ആറു വാള്യങ്ങളടങ്ങിയ വിശുദ്ധ ഖുര്‍ആനിന്റെ ബ്രെയിലി പതിപ്പ്, മുപ്പത് വാള്യങ്ങളിലായി അറബി, ഇംഗ്ലീഷ്, മലയാളം വിവര്‍ത്തനങ്ങള്‍, തെരഞ്ഞെടുക്കപ്പെട്ട ഹദീസ് സമാഹാരവും അവയുടെ ഇംഗ്ലീഷ്, മലയാളം പരിഭാഷകള്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ ആത്മകഥയായ ‘അഗ്‌നി ചിറകുകള്‍’ എന്നിവയുടെ പ്രകാശനകര്‍മ്മവും ഇതോടൊപ്പം നടക്കും.

മണിക്കൂറില്‍ 1000 പേജുകള്‍ പ്രിന്റ് ചെയ്യാന്‍ ശേഷിയുള്ള സ്വീഡന്‍ നിര്‍മിത രണ്ട് പ്രൊഡക്ഷന്‍ ലൈന്‍ പ്രിന്ററുകള്‍, വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ബ്രെയിലി ട്രാന്‍സ്‌ലേഷന്‍ സോഫ്റ്റ്‌വെയര്‍, ക്യാമറ സ്‌കാനര്‍, ചിത്രങ്ങളും മാപ്പുകളും തയ്യാറാക്കാനുള്ള ടാക്‌റ്റെയില്‍ ഡയഗ്രം ക്രിയേറ്റര്‍, പ്രൂഫ് റീഡിംഗ് എളുപ്പമാക്കാന്‍ സഹായിക്കുന്ന ബ്രെയിലി ഡിസ്‌പ്ലെ തുടങ്ങിയ അതിനൂതന സംവിധാനങ്ങളാണ് ജിഫ്ബിയില്‍ സ്ഥാപിച്ചിട്ടുള്ളത്.

മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാഡമിക്ക് വേണ്ടി ബ്രെയിലി ലിപിയില്‍ മാപ്പിളപ്പാട്ട് പരിശീലന പുസ്തകം, മാപ്പിളഗാന സമാഹാരം, വിവിധ മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ പാഠപുസ്തകങ്ങള്‍, ഒന്നു മുതല്‍ ഏഴ് വരെ സ്‌കൂള്‍ ക്ലാസുകളിലേക്കുള്ള അറബിക് പാഠപുസ്തകം എന്നിവ ഇതിനോടകം പ്രസ്സില്‍ നിന്നും പുറത്തിറങ്ങിയിട്ടുണ്ട്.

വൈക്കം മുഹമ്മദ്ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘സ്ഥലത്തെ പ്രധാന ദിവ്യന്‍, ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്നിവയുടെ ബ്രെയിലി പതിപ്പും ജിഫ്ബി പുറത്തിറക്കിയിരുന്നു.

വിവിധ മത്സര പരീക്ഷകള്‍ക്കുള്ള ഗൈഡുകള്‍, കുമാരനാശാന്റെ ‘വീണപൂവ്’ എന്ന കവിതയുടെ അറബി പരിഭാഷ തുടങ്ങിയവയും തയ്യാറായിക്കൊണ്ടിരിക്കുന്നു.
കാഴ്ച്ച പരിമിതരുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

Related Articles

Back to top button