News

കരിപ്പൂർ: വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് വന്നു.

കരിപ്പൂർ: വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് വന്നു. കോഴിക്കോട് വിമാനത്താവളത്തിന് ഇനി വേണ്ടത് വലിയ വിമാനങ്ങളുടെ തിരിച്ചുവരവാണ്. അതിനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് നാടും വിമാനത്താവളവും കാത്തിരിക്കുന്നത്.

2020 ഓഗസ്റ്റ് ഏഴിനായിരുന്നു ദുബായിൽ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. അന്നു മുതൽ നിർത്തിയതാണു വലിയ വിമാനങ്ങളുടെ സർവീസ്. കരിപ്പൂരിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിലെ പരാമർശങ്ങൾ പൈലറ്റിന്റെ വീഴ്ചയിലേക്കു കേന്ദ്രീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ വലിയ തടസ്സങ്ങൾ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.

കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന യാത്രാ താവളമാണു കോഴിക്കോട് വിമാനത്താവളം. പരിമിതികളും പരാതികളും പലരും ചൂണ്ടിക്കാട്ടുമ്പോഴും യാത്രക്കാരുടെ എണ്ണം കൊണ്ട് രാജ്യത്തു മുൻനിരയിലാണു കരിപ്പൂർ. അപകടത്തെത്തുടർന്നു വലിയ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചപ്പോൾ യാത്രക്കാരെ മാത്രമല്ല, ഓട്ടോ ടാക്സി ഡ്രൈവർമാർ, വിമാനത്താവത്തിലെ കരാർ ജീവനക്കാർ, കൊണ്ടോട്ടി, കരിപ്പൂർ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളെയാണ് അതു പ്രതികൂലമായി ബാധിച്ചത്

വലിയ വിമാനങ്ങളുടെ തിരിച്ചുവരവ്, ഹജ് എംബാർക്കേഷൻ കേന്ദ്രം കരിപ്പൂരിൽ പുനഃസ്ഥാപിക്കൽ, നാട്ടുകാരുടെ തൊഴിൽ സംരക്ഷിക്കൽ തുടങ്ങിയവ അടിയന്തരമായി പരിഗണിക്കണമെന്നു ടി.വി.ഇബ്രാഹിം എംഎൽഎ ആവശ്യപ്പെട്ടു.

ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയാണ്. വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് തൊഴിൽ മേഖലയ്ക്കും ഉണർവാകുമെന്ന് ടാക്സി മേഖലയിലുള്ളവർ പറയുന്നു.

വലിയ വിമാന സർവീസ് ഉടൻ തിരിച്ചെത്തണമെന്ന് ഓട്ടോ ഡ്രൈവർമാരും ചൂണ്ടിക്കാട്ടുന്നു.

കോവിഡ് കാല നിയന്ത്രങ്ങൾ മൂലം യാത്രാ പ്രതിസന്ധി നിറഞ്ഞ 2020 മേയ് മുതൽ 2021 മേയ് വരെയുള്ള കാലഘട്ടം ഗൾഫ് നാടുകളിൽനിന്നു കൂടുതൽ പ്രവാസികളും കുടുംബാംഗങ്ങളും രാജ്യത്തു തിരിച്ചെത്തിയതു കേരളത്തിലാണ്. അവരിൽ കൂടുതൽ പേർ ആശ്രയിച്ചത് കോഴിക്കോട് വിമാനത്താളത്തെയാണ്. നോർക്ക ശേഖരിച്ച കണക്കനുസരിച്ച് കേരളത്തിലെത്തിയ 13.67 ലക്ഷം യാത്രക്കാരിൽ നാലര ലക്ഷത്തിലേറെ പേരും കരിപ്പൂരിനെയാണ് ആശ്രയിച്ചത്.

യാത്രക്കാരുടെ എണ്ണമാണു കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രധാന കരുത്ത്. അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ, വലിയ വിമാനങ്ങളുടെ തിരിച്ചു വരവിനുള്ള തുടർ നടപടികൾ വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button