ഭർതൃമതിയായ യുവതിയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ്; കൊല്ലം സ്വദേശിയായ യുവാവ് കൊണ്ടോട്ടിയിൽ അറസ്റ്റിൽ
(2021 സെപ്റ്റംബർ 08)
കൊണ്ടോട്ടി: ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വശീകരിച്ച് വിവാഹിതയായ യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കൊല്ലം സ്വദേശിയായ യുവാവിനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ കാണാതായതിനെത്തുടർന്ന് ഭർത്താവ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവിനെക്കുറിച്ചു വിവരം ലഭിച്ചത്. കൊല്ലം ചവറ സ്വദേശി നിസാമുദ്ദീൻ (39) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമം വഴി ചാറ്റ് ചെയ്തു പരിചയപ്പെടുകയായിരുന്നു. പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു പറഞ്ഞ്, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊണ്ടോട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഇതിനിടെ യുവതിയുടെ ആഭരണങ്ങളും യുവാവ് കൈക്കലാക്കി. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചു വരികയാണെന്നും വിവിധ സ്ത്രീകളുമായി ചാറ്റിങ് നടത്തുന്നതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫ്, ഇൻസ്പെക്ടർ എം.സി.പ്രമോദ്, എസ്ഐ ദിനേശ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയവരുടെ സംഘമാണ് നിസാമുദ്ദീനെ അറസ്റ്റ് ചെയ്തത്.
നിസാമുദ്ദീന് ഫാസ്റ്റ് ഫുഡ് ഷോപ്പുകളിൽ ഷവർമ പാകം ചെയ്യലാണ് ജോലിയെന്നു മനസ്സിലാക്കി അത്തരത്തിലുള്ള ഷോപ്പുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് നിസാമുദ്ദീനെ കണ്ടെത്തിയത്. ഇയാൾ മൊബൈൽ നമ്പർ മാറിമാറി ഉപയോഗിച്ചിരുന്നുവെന്നും കൂടുതൽ
വിവരങ്ങൾക്കു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ്
അറിയിച്ചു.
ഫെബ്രുവരിയിലായിരുന്നു സംഭവം. ദിവസങ്ങൾക്കുള്ളിൽ യുവതി തിരിച്ചെത്തി. എന്നാൽ, പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.