CultureNews

ഹൈസ്കൂൾ കെട്ടിടത്തിനു മുകളിൽ സൗരനിലയം സ്ഥാപിച്ച്‌ കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ.

കംപ്യൂട്ടറും പ്രോജക്ടറും എസിയുമെല്ലാം സ്ഥാപിച്ച് ക്ലാസ് മുറികൾ ഹൈടെക് ആകുകയാണ്. ഇനി അതിനെല്ലാമുള്ള വൈദ്യുതി ബിൽ കണ്ടെത്തുക പിടിഎയുടെ പ്രധാന ചുമതലയാകും. എന്നാൽ, ഈ ഭാരിച്ച വൈദ്യുതി ബിൽ സ്കൂളിന്റെ മേൽക്കൂരയിൽ നിന്നു തന്നെ കണ്ടെത്താനാകുമെന്നു കാണിച്ചു തരികയാണ് കൊണ്ടോട്ടി ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂൾ.

കെഎസ്ഇബിയുടെ സൗര പുരപ്പുറം പദ്ധതിയിലൂടെ സൗരോർജ നിലയം സ്ഥാപിച്ചാണ് EMEA വൈദ്യുതി ബിൽ ലാഭിക്കാനൊരുങ്ങുന്നത്.
ഹൈസ്കൂൾ കെട്ടിടത്തിനു മുകളിൽ സൗരനിലയം സ്ഥാപിച്ചു കഴിഞ്ഞു.

കെഎസ്ഇബി നേരിട്ടു നടപ്പാക്കുന്ന സൗര പുരപ്പുറം പദ്ധതിയിൽ ഉപഭോക്താവിനു മുതൽമുടക്കില്ലാത്ത വിഭാഗമാണു ഇഎംഇഎ തിരഞ്ഞെടുത്തത്. സൗരോർജ നിലയം സ്ഥാപിക്കാനുള്ള എല്ലാ ചെലവും കെഎസ്ഇബി വഹിച്ചു. ഇനി, ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 90% കെഎസ്ഇബിക്കു തിരിച്ചു നൽകണം. ബാക്കി 10% വിദ്യാലയത്തിനു ലഭിക്കും. അതു കണക്കാക്കി തുക വൈദ്യുതി ബില്ലിൽ കുറച്ചു നൽകും. സ്ലാബ് അനുസരിച്ചാണ് വൈദ്യുതി ബിൽ നിശ്ചയിക്കുന്നത് എന്നതിനാൽ, തുക വളരെ കുറയും.

30 കിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയമാണു കൊണ്ടോട്ടി ഇഎംഇഎ ഹൈസ്കൂൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. ഉടൻ കമ്മിഷൻ ചെയ്യും.

ദിവസവും 100 മുതൽ 120 യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണു കണക്കാക്കുന്നത്. അതിൽ 10 മുതൽ 12 യൂണിറ്റ് വരെ ദിവസവും വിദ്യാലയത്തിനു ലഭിക്കും. ഒരു മാസം 300 മുതൽ 360 വരെ യൂണിറ്റ് വൈദ്യുതി ഇനി സൗജന്യമായിരിക്കും.

ഒരു സ്മാർട് ക്ലാസ്മറിയിൽ പ്രൊജക്ടർ, ലാപ്ടോപ്, 2 വീതം ഫാൻ, ബൾബ് എന്നിവയുണ്ട്. കൂടുതൽ കംപ്യൂട്ടറുകൾ ഉള്ള ഐടി ലാബ് വേറെയും. ഇവ ഉൾപ്പെടെ വലിയ തുകയാണ് വൈദ്യുതി ബിൽ ഇനത്തിൽ വരുന്നതെന്നും പദ്ധതി നടപ്പാകുന്നതോടെ വലിയ ആശ്വാസം ലഭിക്കുമെന്നും പ്രധാനാധ്യാപകൻ പി.ടി.ഇസ്മായിൽ പറഞ്ഞു.

മലപ്പുറം ജില്ലയിൽ തിരൂർ, മഞ്ചേരി, നിലമ്പൂർ കെഎസ്ഇബി സർക്കിളുകൾക്കു കീഴിലാണു പദ്ധതി പൂർത്തീകരിക്കുന്നത്. മഞ്ചേരി സർക്കിളിനു കീഴിൽ പൂർത്തീകരിച്ചതിൽ വലിയ സൗരോർജ നിലയമാണ് ഇഎംഇ സ്കൂളിലേത്.

Related Articles

Back to top button