ചെങ്കല്ലിന്റെ ദൗർലഭ്യവും വിലവർധനയും കെട്ടിട നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പൂർണമായും പരിസ്ഥിതി സൗഹൃദ ചെമ്മൺ കട്ടകളുമായി യുവാവിന്റെ പുതിയ സംരംഭം ശ്രദ്ധേയമാകുന്നു. വാഴയൂർ കാരാട് സ്വദേശിയായ എം.ഇ.വിഷ്ണുവാണ് കെട്ടിട നിർമാണത്തിൽ പുതിയ പ്രതീക്ഷയേകുന്ന ചെമ്മൺ കട്ടകൾ നിർമിക്കുന്ന ഹൈ ഗ്രിപ്പ് എക്കോ ബ്രിക്‌സ് എന്ന സ്ഥാപനം ആരംഭിച്ചിട്ടുള്ളത്.
കെട്ടിട നിർമാണ മേഖലയിൽ പലവിധ പ്രശ്നങ്ങളാണ് ഉടമകളും നിർ മാതാക്കളും. അതിനു പുറമേയാണ് ചെങ്കല്ലും കളിമൺ ഇഷ്ടികകളും കിട്ടാനുള്ള പ്രയാസവും അവയുടെ വിലവർധനയും. അതു മറികടക്കുകയാണ് വാഴയൂർ കാരാട്ട് എം.ഇ.വിഷ്ണു ആരംഭിച്ച
ഹൈ ഗ്രിപ്പ് എക്കോ ബ്രിക്‌സ് എന്ന സംരംഭം. കെട്ടിട നിർമാണത്തിന്റെ ചെലവു കുറയ്ക്കാൻ പ്രയോജനപ്പെടുന്ന പരിസ്ഥിതി സൗഹൃദ ചെമ്മൺ കട്ടകളാണ് ഈ യൂണിറ്റിൽ ഉൽ പാദിപ്പിക്കുന്നത്.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത യന്ത്രമുപയോഗിച്ചാണു നിർമാണം. ഒരേസമയം 7 കട്ടകൾ നിർമിക്കാം. യന്ത്രത്തിന്റെ ശേഷി കൃത്യമായി വിനിയോഗിച്ചാൽ ദിവസം 10,000 കട്ട വരെ ഉൽപാദിപ്പിക്കാനാകും. ഇന്റർലോക്ക് കട്ടകളായതിനാൽ കെട്ടിട നിർമാണത്തിനു കുറഞ്ഞ അളവിൽ എംസാൻഡും സിമന്റും മതിയാകും. ചുമരിലെ സിമന്റ് തേപ്പും ഒഴിവാക്കാം. ഇതിലൂടെ പണിക്കൂലിയും നിർമാണച്ചെലവും ലാഭിക്കാനാകും.
നിർമിച്ച് 20 ദിവസം വരെ വെള്ളം തളിച്ച് ബലപ്പെടുത്തിയ ശേഷമാണ് കട്ട ഉപയോഗിക്കുന്നത്. വൈദ്യതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന യന്ത്രമായതിനാൽ മറ്റു പാരിസ്ഥിതിക പ്രയാസങ്ങളോ മാലിന്യ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ലെന്നു വിഷ്ണു പറഞ്ഞു.
വിഷ്ണുവിന്റെ പിതാവ് എം.ഇ.മോഹനന്റെ പിന്തുണയും ഈ സംരംഭത്തിനുണ്ട്. ഈ കട്ടകൾ ഉപയോഗിച്ചാൽ നിർമാണച്ചെലവ് വളരെ കുറയ്ക്കാനാകുമെന്ന് ഏറെക്കാലമായി കെട്ടിട നിർമാണ മേഖലയിലുള്ള മോഹനൻ പറയുന്നു.
കെട്ടിട നിർമാണത്തിനു പല വിദേശ നാടുകളിലും ഉപയോഗിക്കുന്ന രീതികളും സംവിധാനങ്ങളും നേരി ൽക്കണ്ട ശേഷമാണു നാട്ടിൽ പുതിയ സംരംഭത്തിനു വിഷ്ണു തുടക്കമിട്ടത്. ഹൈ ഗ്രിപ്പ് എക്കോ ബ്രിക്‌സിൽ
ഭാവിയിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകുമെന്ന പ്രതീക്ഷയും വിഷ്ണു പങ്കുവച്ചു.